പത്തനംതിട്ട: പുല്ലാടിന് സമീപം മുട്ടുമണ്ണില്‍ 2 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കുമ്പനാട് സ്വദേശികളായ വി. ജി. രാജന്‍, ഭാര്യ റീന രാജന്‍ എന്നിവരുടെ മരണത്തിലാണ് ഡ്രൈവര്‍ നിജിലാല്‍ അറസ്റ്റിലായത്. വിതുര സ്വദേശിയാണ്. തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്.

ഇന്നലെ രാത്രി ഒമ്പതരയോടെ കെഎസ്ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ദൃക്‌സാക്ഷികള്‍ ഡ്രൈവറുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് നേരത്തെ മൊഴി നല്‍കിയിരുന്നു. തെറ്റായ ദിശയില്‍ ബസ് കയറിവന്ന് കാറില്‍ ഇടിക്കുകയായിരുന്നു. രാജന്‍ റീന ദമ്പതികളുടെ മകള്‍ ഷേബ, ഷേബയുടെ മകള്‍ മൂന്നര വയസ്സുകാരി ജുവന ലിജു എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ നില ഗുരുതരമാണ്.