കണ്ണൂര്‍: സര്‍വ്വകലാശാലയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ചുകണ്ണൂരില്‍ എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര അലേകറെ കെ.എസ്.യു നേതാക്കള്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. പയ്യാമ്പലം ഗസ്റ്റ് ഹൗസിന് മുന്‍പിലെ റോഡില്‍ നിന്നും ഫോര്‍ട്ട് റോഡിലെക്ക് കയറുന്നതിനിടെ റോഡരികില്‍ കാത്തുനിന്ന കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ജില്ലാ പ്രസിഡന്റ് എം സി അതുല്‍ എന്നിവരാണ് ഗവര്‍ണരുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്.

റോഡരികില്‍ കാത്തുനിന്ന നേതാക്കള്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കൈയ്യിലുള്ളകറുത്ത തുണി ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ മുഴക്കി ചാടി വീഴുകയായിരുന്നു. ഗവര്‍ണര്‍ക്ക് എസ് കോര്‍ട്ടുണ്ടായിരുന്ന കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പൊലിസ് സംഘം വാഹനം നിര്‍ത്തി നേതാക്കളെ പുറകെ ഓടിപ്പിടികൂടി ഗവര്‍ണറുട വാഹന വ്യൂഹം കടത്തിവിട്ടു.

യുണിവേഴ്‌സിറ്റികളുടെ കാവി വത്കരണത്തിനെതിരെ ആയിരുന്നു പ്രതിഷേധം.

തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പരമശിവന്റെവെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനാണ് ഗവര്‍ണര്‍ കണ്ണൂരിലെത്തിയത്. അവിടേക്ക് പോകുമ്പോഴാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കെ.എസ്.യു നേതാക്കളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലിസ് സ്റ്റേഷനിലെത്തിച്ചു.