കണ്ണൂര്‍ : പൊലിസ് കസ്റ്റഡി മര്‍ദ്ദനത്തി നും വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തകരെ മുഖം മൂടിയണിയിച്ചു കോടതിയില്‍ ഹാജരാക്കിയതിനുമെതിരെ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ഓഫിസിലേക്ക് കെ.എസ് യുജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപകസംഘര്‍ഷം. പൊലിസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഒരു മണിക്കൂറോളം തെരുവ് യുദ്ധം നടന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി പൊലിസ് അഞ്ചു തവണ വരുണ്‍ ജലപീരങ്കി പ്രയോഗിച്ചു.

നേരത്തെ താവക്കര യു.പി സ്‌കൂളിന് മുന്‍പിലെ റോഡില്‍ ഡിഐജി ഓഫിസിലേക്ക് പോകുന്ന വഴി പൊലിസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞിരുന്നു. ഇതിനു മുകളില്‍ കയറിയ പ്രവര്‍ത്തകര്‍ കെ.എസ്.യുവിന്റെ കൊടി കെട്ടുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്തു. ഇതിനിടെ ജലപീരങ്കിക്കെതിരെ കൊടി കെട്ടിയ വടികൊണ്ടു ഏറുനടത്തി.. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ നിന്നും സംസ്ഥാന ഉപാധ്യക്ഷന്‍ പി. മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി. ഐ. ജി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ഡി.ഐ.ജി ഓഫിസ് റോഡിന് മുന്‍പില്‍ പൊലിസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞിരുന്നു. ഇതിനു ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളികളോടെ ധര്‍ണ നടത്തി. ജില്ലാ ഭാരവാഹിയായ കാവ്യ സ്വാഗതം പറഞ്ഞു. ജില്ലാ അദ്ധ്യക്ഷന്‍ എം. സി അതുല്‍ അദ്ധ്യക്ഷനായി. തുടര്‍ന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ പി.മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.

തങ്ങളുടെ പ്രവര്‍ത്തകരെയും നേതാക്കളെയും മുഖം മൂടി ധരിച്ചു കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ ഷാജഹാനെപ്പോലുള്ളവരുടെ റാങ്ക് ലിസ്റ്റ് കെ.എസ്.യു തയ്യാറാക്കിയിട്ടുണ്ടെന്ന് ഷമ്മാസ് പറഞ്ഞു. കേരളത്തിലെന്നും സി.പി.എം ഭരിക്കുമെന്ന് പ്രതീക്ഷിക്കേണ്ട കണ്ണൂരിലും പൊലി സില്‍ സി.പി.എം വളന്‍ഡറിയര്‍മാരായി സമരം ചെയ്യുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലിസുകാരുണ്ട്. അത്തരക്കാരുടെ ലിസ്റ്റുകള്‍ തങ്ങള്‍ ക്രമേണെ പുറത്തെടുക്കുമെന്നും ഷമ്മാസ് മുന്നറിയിപ്പു നല്‍കി.

ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രകോപിതരായ കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് അടിയില്‍ നിന്നും മറിച്ചിടാന്‍ ശ്രമിച്ചു. ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലിസ് നടത്തി. നിലത്ത് ഇരുന്ന പ്രവര്‍ത്തകരെ പൊലിസുകാര്‍ വലിച്ചിഴച്ച് പൊലിസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയ്യാങ്കളിക്കുമിടയാക്കി.

പല പ്രവര്‍ത്തകരെയും പൊലിസ് മതിലിനോട് ചേര്‍ത്ത് അമര്‍ത്തി പിടിച്ചു കീഴടക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച മുഹമ്മദ് ഷമ്മാസിനെയും അതുലിനെയും ബലം പ്രയോഗിച്ചു പിടിച്ചു വലിച്ചു വണ്ടിയില്‍ കയറ്റി. പലരുടെയും ചെരുപ്പുകള്‍ തെറിച്ചു പോയി. ഉടുമുണ്ട് അഴിഞ്ഞു. റോഡ് ഉപരോധിക്കാനായി ഓടിയ പ്രവര്‍ത്തകരെ പൊലിസ് പിന്‍തുടര്‍ന്നു പിടികൂടി ഉന്തും തള്ളി ലും ചില പൊലിസുകാരും റോഡില്‍ വീണു ലാത്തി തെറിച്ചു.

ഒടുവില്‍ മുക്കാല്‍ മണിക്കൂറിനു ശേഷമാണ് സമരം അവസാനിച്ചത്. പ്രതിഷേധ സമരത്തിന് നേതാക്കളായ കാവ്യ ദിവാകരന്‍, അഷിത്ത് അശോകന്‍ , അലക്‌സ് ബെന്നി, അര്‍ജുന്‍ കോറോം, അക്ഷയ് മാട്ടൂല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. കണ്ണൂര്‍ ടണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍, ശ്രീജിത്ത് കൊടേരി, സി.ഐ സനല്‍കുമാര്‍, ടൗണ്‍എസ്.ഐ വി.വി ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം പ്രതിഷേധ മാര്‍ച്ചിനെ നേരിടാന്‍ വിന്യസിച്ചിരുന്നു.