അടൂര്‍: എം.സി റോഡില്‍ വടക്കടത്തുകാവിനു സമീപം ടോറസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂവാറ്റുപുഴ രണ്ടാര്‍കര കല്ലിക്കുടിയില്‍ രാജന്റെയും (പത്രം എജന്റ്) ഗിരിജയുടെയും മകന്‍ ജിതിന്‍ രാജ് (അമ്പാടി 33) ആണ് മരിച്ചത്. ജിതിനൊപ്പം പിക്കപ്പിലുണ്ടായിരുന്ന മൂവാറ്റുപുഴ വേങ്ങത്താഴത്ത് കിഴക്കേക്കര ഹസ്സന്‍ റാവുത്തര്‍ (59) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10.45നാണ് സംഭവം.

കൊല്ലത്ത് തടിയിറക്കിയ ശേഷം തിരികെ മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്നു പിക്കപ്പ്. അടൂര്‍ ഭാഗത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്നു ടോറസ്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് റോഡില്‍ നിന്നു ഒരു തവണ കറങ്ങിയ സമയത്ത് ഇന്നോവാ കാറിലും ഇടിച്ചു. ഇന്നോവയില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് പരുക്കില്ല. പിക്കപ്പില്‍ കുടുങ്ങിപ്പോയ ജിതിന്‍ രാജിനെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. ജിതിന്‍ രാജിന്റെ സഹോദരിമാര്‍: ജിഷ രാജന്‍, അമ്പിളി രാജന്‍.