കാസര്‍കോട്: ആര്‍എസ്എസ് സങ്കല്‍പ്പിക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് പാദപൂജയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റ മതനിരപേക്ഷ ഉള്ളടക്കത്തെയും ജനാധിപത്യ അവബോധത്തെയും തകര്‍ക്കുന്ന ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ഭാഗമായി സനാതന ധര്‍മം നടപ്പാക്കാന്‍ ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നതാണ് പാദപൂജയിലൂടെ കണ്ടത്. ഇത് ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കുട്ടികളില്‍ അടിമത്തമനോഭാവം വളര്‍ത്താനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ് നടന്നത്. ഇത് കാടത്ത സമീപനമാണ്. അധ്യാപകരെ ബഹുമാനിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അധ്യാപകരെ മാത്രമല്ല ആരെയും ബഹുമാനിക്കുന്നതില്‍ ഒരു തരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിക്കില്ല. പക്ഷെ ആദരവ് എന്ന പേരില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം തമസ്‌കരിച്ച ചാതൂര്‍വര്‍ണ്യം നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ല.

ആധുനിക കാലത്ത് ഇത്തരം ആചാരങ്ങള്‍ ആര്‍എസ്എസുകാരും സംഘപരിവാറും അവര്‍ കൈകാര്യം ചെയ്യുന്ന വിദ്യാലയങ്ങളിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്. ജനാധിപത്യ സമൂഹമാകെ ഒറ്റക്കെട്ടായി ഇത്തരം അപരിഷ്‌കൃത രീതികളെ എതിര്‍ക്കണം. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണം. ഇത്തരം പ്രവണതകള്‍ക്കെതിരെ ആര്‍എസ്എസിനും സംഘപരിവാറിനും പ്രോത്സാഹനം നല്‍കുന്ന തരത്തിലാണ് യുഡിഎഫിന്റെ സമീപനം.

നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കേരളീയ സമൂഹത്തെ വലിച്ചിഴയ്ക്കുന്ന സമീപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അധീതമായി നിലകൊള്ളണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.