കണ്ണൂര്‍: പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനും ശരത് ലാലിനുമെതിരെ പീതാംബരനെയും മറ്റുള്ളവരെയും അക്രമിച്ചതില്‍ കേസുണ്ടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കണ്ണൂര്‍ ഡി.സി.സി ഓഫസീല്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്കില്ലെന്ന് കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി ശിക്ഷാവിധിയില്‍ സ്റ്റേ അനുവദിച്ചതില്‍ നിന്നും വ്യക്തമായെന്ന് ജയരാജന്‍ പറഞ്ഞു.

പെരിയ ഇരട്ട കൊലപാതക കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്നേ സി.പി.എം പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവരും പീതാംബരനും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കമാണ് കൊലയിലെത്തിയത്. പീതാംബരനെയും മറ്റുള്ളവരെയും അക്രമിച്ചതിന് കൊല്ലപ്പെട്ടവര്‍ക്കെതിരെ കേസുണ്ട്. പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടല്ല ഇങ്ങനെയൊരു കൊലപാതകം നടന്നത്. പാര്‍ട്ടി അന്നേ ഈക്കാര്യം പറഞ്ഞിട്ടുണ്ട്.

ഇതില്‍ പീതാംബരനെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. കൂട്ടിലിട്ട തത്തയായ സി.ബി.ഐ നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ചതാണ് പെരിയ കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു. സജു ജോര്‍ജിനെ ജീപ്പില്‍ നിന്നും ഇറക്കിയതിനാണ് കുഞ്ഞിരാമനെ വധക്കേസില്‍ പ്രതിയാക്കിയത്.

ഹൈക്കോടതി വിധി വിഷലിപ്തമായ സി.പി.എം വിരുദ്ധ പ്രചാരവേല നടത്തുന്ന മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസിനും തിരിച്ചടിയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിനെ അക്രമികളാക്കി വാര്‍ത്ത നിരത്തുകയാണ് അച്ചടി മാധ്യമങ്ങള്‍. ദൃശ്യമാധ്യമങ്ങള്‍ വസ്തുതാപരമല്ലാത്ത അന്തി ചര്‍ച്ചകള്‍ നടത്തുകയാണെന്നും എം. വിജയരാജന്‍ പറഞ്ഞു.