മലപ്പുറം: പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. സംഭവത്തിൽ 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും മോഷണം പോയി. മഞ്ചപുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് കവർച്ച നടന്നത്.

അടുക്കള വാതിൽ കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മോഷണത്തിന് ഉപയോഗിച്ച കമ്പിപാര ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെടുത്തു.

മേശക്കകത്തായിരുന്നു ആഭരങ്ങൾ സൂക്ഷിച്ചിരുന്നത്. കമ്പിപ്പാര ഉപയോഗിച്ച് മേശ തകർത്താണ് സ്വർണ്ണം മോഷ്ടിച്ചത്. നാല് മാസം മുൻപ് വഴിക്കടവും സമാന രീതിയിൽ വീട്ടിൽ മോഷണം നടന്നിരുന്നു. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.