മണ്ണാര്‍ക്കാട്: വീടിനുഅടുത്തുള്ള റബര്‍തോട്ടത്തില്‍ മധ്യവയസ്‌കനെ തീപ്പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരങ്ങൾ. എളമ്പുലാശ്ശേരി ഉഴുന്നുപാടം കുഞ്ഞാപ്പ (61) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിലാണ് സംഭവം നടന്നത്.

തൊട്ടടുത്തെ അയൽവാസിയായ സ്ത്രീയാണ് ശരീരമാസകലം തീ ആളിപ്പടര്‍ന്ന നിലയില്‍ക്കിടന്ന ഇദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞാപ്പയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിശോധിച്ച ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

ഉള്ളിൽ ഉണ്ടായിരുന്ന മാനസിക വിഷമംമൂലം ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മണ്ണാര്‍ക്കാട് സി.ഐ. എം.ബി. രാജേഷ് വ്യക്തമാക്കി. സയന്റിഫിക് സംഘവും സ്ഥലത്തെത്തി തെളിവെടുക്കുന്നുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സി.ഐ. പറഞ്ഞു.