കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കണ്ണൂര്‍, പേരാവൂര്‍ കാരക്കുന്നില്‍ ഹൗസില്‍ സ്വദേശിയും മാവുങ്കാല്‍, മേലടുക്കം പെരടുക്കത്ത് താമസക്കാരനുമായ ജമീഷ് ഫിലിപ് (40) ആണ് മരിച്ചത്. ഇയാള്‍ ട്രെയിന് മുന്നില്‍ ചാടി മരിച്ചവെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇരു ഭാഗങ്ങളായി വേര്‍പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

മൂന്നാഴ്ച മുമ്പാണ് യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. രാത്രി ഒന്‍പതര മണി വരെ ജമീഷിനെ നാട്ടുകാര്‍ കണ്ടിരുന്നു. അതിന് ശേഷമായിരിക്കും കാഞ്ഞങ്ങാട്ടെത്തിയതെന്ന് സംശയിക്കുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വദേശമായ പേരാവൂരിലേക്ക് കൊണ്ടുപോയി.ഭാര്യ: സോണിയ. മകള്‍ : ജാന തെരേസ.