കാസര്‍കോട്: യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് ഒരുകോടി രൂപയുടെ മേരിക്യൂറി ഫെലോഷിപ്പ്. കാസര്‍കോട്ടുകാരി ആയിഷ നിദയ്ക്കാണ് മേരിക്യൂറി ഫെലോഷിപ്പോടെ ഫ്രാന്‍സില്‍ ഗവേഷണത്തിന് അവസരം ഒരുങ്ങിയിരിക്കുന്നത്. ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ കീഴില്‍ ടുളുസിലുള്ള ജിയോ സയന്‍സ് എന്‍വിറോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎച്ച്.ഡി. ചെയ്യാനാണ് പട്ളയിലെ ആയിഷ നിദയ്ക്ക് അവസരം ലഭിച്ചത്.

കാസര്‍കോട് ഗവ. കോളജില്‍നിന്ന് ബി.എസ്സി. ജിയോളജി പഠിച്ചശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് മറൈന്‍ ജിയോളജിയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ നിദ ഫെബ്രുവരി മൂന്നിന് ഫ്രാന്‍സിലേക്ക് പോകും. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ജി.ാേ ഫിസിക്കല്‍ റിസര്‍ച്ച്് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്, നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ട്.

മുന്‍ പ്രവാസിയും ഇപ്പോള്‍ സുള്ള്യയില്‍ വ്യാപാരിയുമായ പട്ളയിലെ പി.എ.അബ്ദുള്‍ ഖാദറിന്റെയും മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി ഐ.എം.ജസീല ഭാനുവിന്റെയും മകളാണ്.