- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയില്‍ അഞ്ചേമുക്കാല്‍ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍: ഒളിപ്പിച്ചിരുന്നത് മുഷിഞ്ഞ തുണികള്‍ക്കിടയില്‍
കോന്നി: വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ചേമുക്കാല്‍ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളിയെ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മധ്യപ്രദേശ് ഭിന്‍ഡ് ജില്ലയില്‍ സാഗ്ര 104 ല്‍ ഗോപാല്‍ സിംഗിന്റെ മകന്‍ അവ്ലിന്ത് സിംഗ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരം കൈമാറിയതുപ്രകാരം ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോന്നി കൊല്ലന്‍പടിയില്‍ നിന്നും ഇന്നലെ രാവിലെ 9.15 നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
യുവാവ് തോളില്‍ രണ്ട് ബാഗുകള്‍ തൂക്കി പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ കൊല്ലന്‍പടി ജങ്ഷനില്‍ കൂടല്‍ ഭാഗത്തേക്ക് ഫുട് പാത്തിലൂടെ നടന്നുപോകവേയാണ് പോലീസ് സംഘം പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പരിഭ്രമിച്ച യുവാവിന്റെ ഷോള്‍ഡര്‍ ബാഗുകള്‍ പരിശോധിച്ചു. മുഷിഞ്ഞ തുണികള്‍ നിറച്ച ബാഗിന്റെ മധ്യഅറയില്‍ മാസ്‌കിങ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്ന് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ ആദ്യം യുവാവ് കൃത്യമായ മറുപടി നല്‍കിയില്ല.
ഇത് വില്‍പ്പനക്കായി കൈവശം വച്ചതാണെന്ന് തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഡിവൈ.എസ്.പി ടി രാജപ്പന്റെ മേല്‍നോട്ടത്തിലും ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുമാണ് പോലീസ് നടപടികള്‍ കൈക്കൊണ്ടത്. എസ്.ഐ. വിമല്‍ രംഗനാഥ്, പ്രോബേഷന്‍ എസ്.ഐ.ദീപക്, എസ്.സി.പി. ഓമാരായ അല്‍സാം, സൈഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.