അഞ്ചല്‍: നവംബര്‍ മാസത്തില്‍ നടന്ന എംഡിഎംഎ റെയ്ഡില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പിടിയിലാകുന്നത്. കൊല്ലം അഞ്ചല്‍ ബൈപ്പാസിലാണ് കഴിഞ്ഞ നവംബറില്‍ റെയ്ഡ് നടത്തിയത്. സംഭവത്തില്‍ ഏരൂര്‍ അയിലറ സ്വദേശി പ്രദീപ് ചന്ദ്രന്‍ ആണ് അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ബെംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

ബംഗളൂരുവില്‍ നിന്ന് കിഴക്കന്‍ മലയോര മേഖലയിലേക്ക് എംഡിഎംഐ എത്തിക്കുന്നതില്‍ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നവംബറില്‍ കോണ്‍ഗ്രസ് നേതാവ് ഷിജുവും സുഹൃത്തും ലഹരിമരുന്നുമായി പിടിയിലായ കേസിലെ കൂട്ടുപ്രതിയാണ് പ്രദീപ്. അതേസമയം മറ്റൊരു കേസില്‍ കൊല്ലത്ത് മാരക രാസ ലഹരിയായ മെത്താഫെറ്റാമൈന്‍ കടത്തിയ കേസില്‍ യുവാവ് പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി അഫ്‌സലാണ് 165.11 ഗ്രാം മെത്തുമായി പിടിയിലായത്.

സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ഇടയില്‍ വില്‍പന നടത്താന്‍ ബെംഗളൂരുവില്‍ നിന്നാണ് രാസലഹരി എത്തിച്ചതെന്ന് അഫ്‌സല്‍ എക്‌സൈസിനോട് പറഞ്ഞു. സമാനമായ മറ്റൊരു ലഹരിക്കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് വീട്ടില്‍ സനു (26) വാണ് അറസ്റ്റിലായത്. അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎ കുന്നംകുളം മേഖലയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് വിശദമാക്കുന്നത്. വധശ്രമം, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളില്‍ പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

മാസങ്ങള്‍ക്കു മുന്‍പ് പെരുമ്പിലാവില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ വൈശാഖ്, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിന്‍ പോള്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനൂപ്, അജില്‍,ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.