തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ ശരീരത്തിൽ ഗൈഡ് വയർ കുടുങ്ങിയ കേസിൽ സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്. ചികിത്സാ പിഴവിൽ സ്വതന്ത്ര വിദഗ്ധ അഭിപ്രായം രൂപീകരിക്കാനാണ് ബോർഡ് രൂപീകരിക്കുന്നത്. കേസിൽ ഉൾപ്പെട്ട ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കേസന്വേഷണം നടത്തുന്ന കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് കീലറാണ് ബോർഡ് രൂപീകരിക്കാൻ ഡി.എം.ഓക്ക് കത്ത് നൽകിയത്. ഡി.എം.ഓ കൺവീനറായുള്ള ബോർഡിൽ, ചികിത്സാ പിഴവ് സംഭവിച്ച മേഖലയിലെ മുതിർന്ന സർക്കാർ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ധൻ എന്നിവർ അംഗങ്ങളായിരിക്കും.

സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് നേരത്തെ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഈ ബോർഡിന്റെ റിപ്പോർട്ട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് റഫറൻസിന് മാത്രമായി ഉപയോഗിക്കും. സുമയ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ് കുമാറിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയതിൽ തനിക്ക് പങ്കില്ലെന്നും, ജൂനിയർ ഡോക്ടർമാരാണ് ഇത് ഇടാറുള്ളതെന്നും അനസ്തേഷ്യാ വിഭാഗമാണ് ഇതിന് ചുമതലയെന്നും അദ്ദേഹം മൊഴി നൽകി.