കോഴിക്കോട്: മലളയാള സാഹിത്യത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനായ എംടി വാസുദേവന്‍നായരുടെ ഭൗതികദേഹം അവസാനമായി ഒരിക്കല്‍ കൂടി സ്വന്തം വീടായ സിതാരയില്‍ എത്തിച്ചു. തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഒരിക്കല്‍ കൂടി കാണാന്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് വരെ പൊതുദര്‍ശനത്തിന് വെക്കും. അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം. തന്റെ മരണാന്തര ചടങ്ങ് എങ്ങനെയിരിക്കണം എന്ന് എംടി നേരത്തെ തന്നെ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചടങ്ങ് നിശ്ചയിക്കുക.

കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 10 മണിയോടെയാണ് അദ്ദേഹം അവസാന ശ്വാസം വലിച്ചത്. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. യന്ത്ര സഹായമില്ലാതെ ശ്വസിക്കാന്‍ സാധിക്കുമായിരുന്നു. ഇന്ന് കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു. എംടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു.

ഏഴ് പതിറ്റാണ്ടിലേറെ തന്റെ എഴുത്തിലൂടെ സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഒരുപോലെ കടന്നുചെല്ലാന്‍ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.