തിരുവനന്തപുരം: മാനവീയം വീഥിയിൽ രാത്രിയിൽ തമ്മിലടിച്ചത് നെടുമങ്ങാട് സ്വദേശിയായ സൈനികനും എറണാകുളം സ്വദേശിനിയായ യുവതിയും. ആളുകൾ നോക്കിനിൽക്കെ റോഡിൽ കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മ്യൂസിയം പൊലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പൊലീസോട് പറഞ്ഞു.

നേരത്തെ മാനവീയം വീഥിയിൽ വെച്ചുതന്നെ കണ്ട് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന വിവരം അറിഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. മദ്യപിച്ചെത്തിയ യുവതി യുവാവുമായി വാക്കേറ്റത്തിലേർപ്പെടുകയും പിന്നാലെ ഇത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതി യുവാവിനെ അടിച്ചു വീഴ്ത്തുന്നതും തറയിൽ കിടന്നു ഇരുവരും മല്ലയുദ്ധം നടത്തുന്നതും വീഡിയോയിലുണ്ട്. 'ഇടിക്കെടാ' എന്ന് പറഞ്ഞു ചുറ്റും കൂടിയവർ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും കൈയടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മാനവീയം വീഥിയിൽ പൊലീസ് പോസ്റ്റ് ഉണ്ടായിരുന്നിട്ടും സംഘർഷം നടക്കുമ്പോൾ ഉദ്യോഗസ്ഥരാരും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

സംഭവം വിവാദമായതോടെ പൊലീസ് രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പരസ്പരം പരാതിയില്ലെന്ന് ഇരുവരും അറിയിച്ചെങ്കിലും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും അടിയുണ്ടാക്കിയതിനും ഇവർക്കെതിരെ പെറ്റി കേസെടുത്തു. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇവരെ വിട്ടയച്ചു.

'നൈറ്റ് ലൈഫ്' തെരുവായ മാനവീയത്തില്‍ സാധാരണ രാത്രികാലങ്ങളില്‍ സംഗീത പരിപാടികളും തെരുവുനാടകങ്ങളുമുണ്ടാകാറുണ്ട്. ഔദ്യോഗികമായി നൈറ്റ് ലൈഫ് ആരംഭിച്ചതിനുശേഷം പലപ്പോഴായി ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. മദ്യപാനവും തര്‍ക്കങ്ങളും മൂലം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.