തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് കേന്ദ്രസർക്കാർ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരേ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകൾ, വയനാട്ടിലേതിനെക്കാൾ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് ദേശീയ-അന്തർദേശീയ സഹായങ്ങൾ ലഭിക്കുമായിരുന്നുവെന്നും ​അദ്ദേഹം വ്യക്തമാക്കി.

കൂടാതെ നേരത്തേ പ്രളയദുരന്ത പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ദുരിതാശ്വാസ ഫണ്ട് സഹായമായി നൽകാമെന്ന് വാ​ഗ്ദാനം ചെയ്തപ്പോൾ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് ​ഗോവിന്ദൻ ആരോപിച്ചു. കേരളത്തിന്റെ പൊതുതാൽപര്യത്തോടൊപ്പം കേന്ദ്രസർക്കാർ നിൽക്കുന്നില്ല എന്നതുമാത്രമല്ല, നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് ​ഗൗരവത്തോടെ കാണേണ്ട വിഷയമാണെനും. കേന്ദ്രനിലപാടുകൾക്കെതിരായ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പ്രളയകാലത്ത് സാലറി ചലഞ്ചിനെ പോലും എതിർത്ത യുഡിഎഫ്, ഇക്കാര്യത്തിലും കേരളത്തിന്റെ പൊതുതാൽപര്യത്തൊടൊപ്പമല്ലെന്നും ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഫും ഒന്നിച്ചുനിൽക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.