പാലക്കാട്: ഉപതിരഞ്ഞെടുപ്പ് എന്ന രീതിയില്‍ പാലക്കാട്ട് മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്ചവച്ചതെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍. കെ സുരേന്ദ്രനെതിരായ സന്ദീപ് വാര്യരുടെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസുകാരന്‍ അവിടുത്തെ കാര്യം നോക്കിയാല്‍ മതി ബിജെപിയുടെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കാം എന്നുമാണ് ശിവരാജന്‍ പറഞ്ഞത്. കെ സുരേന്ദ്രനെ ഇറക്കിവിട്ട് ചാണകം തളിച്ചാലേ ബിജെപി രക്ഷപ്പെടൂ എന്നായിരുന്നു സന്ദീപ് വാര്യരുടെ പരാമര്‍ശം.

എന്‍ ശിവരാജന്റെ വാക്കുകള്‍ ഇങ്ങനെ: ഭാരതീയ ജനതാ പാര്‍ട്ടിയെ 2026ല്‍ ജയിപ്പിക്കാനുള്ള ഊര്‍ജം വീണ്ടെടുത്തുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകും. മികച്ച പ്രകടനമാണ് പാലക്കാട്ട് കാഴ്ചവച്ചിരിക്കുന്നത്. അസംബ്ലി, ലോക്സഭാ എന്നല്ല. ഉപതിരഞ്ഞെടുപ്പ് എന്ന രീതിയില്‍ നോക്കുമ്പോള്‍ ബിജെപിയുടേത് മികച്ച പ്രകടനമാണ്. ബാക്കി കാര്യങ്ങള്‍ പരിശോധിക്കട്ടെ.ഇനിയും ശക്തമായി ഞങ്ങള്‍ മുന്നോട്ടുപോകും. വെറും രണ്ട് സീറ്റ് നേടിയിരുന്ന ബിജെപി ഇപ്പോള്‍ 400 സീറ്റ് നേടി രാജ്യം ഭരിക്കുന്നില്ലേ? ഇതൊന്നും ബിജെപിക്ക് വലിയ പ്രശ്നമല്ല.

സുരേന്ദ്രനെതിരെ സന്ദീപ് പറയേണ്ട കാര്യമില്ല. കേരളത്തിലെ ബിജെപിയുടെ നാവാണ് സുരേന്ദ്രന്‍. സന്ദീപ് വാര്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവാണ്. കോണ്‍ഗ്രസിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി.ബിജെപിയുടെ ഉരുക്ക് കോട്ടയാണ് പാലക്കാടെന്ന് ഞങ്ങള്‍ തെളിയിച്ച് കഴിഞ്ഞു. മുരളീധരനല്ല, മുരളീധരന്റെ അച്ഛന്‍ കരുണാകരന്‍ വന്നാലും പാലക്കാട് നഗരസഭ പിടിക്കാനാവില്ല.