തിരുവനന്തപുരം: ഭര്‍തൃവീട്ടിൽ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് ഇളവട്ടത്താണ് സംഭവം നടന്നത്. പാലോട് - ഇടിഞ്ഞാര്‍ - കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ഭര്‍ത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്.

ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.