- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവു കേസിലെ പ്രതിക്ക് ജാമ്യം നിന്നില്ല; വീടാക്രമിച്ച ശേഷം വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച് അഞ്ചംഗ സംഘം: അറസ്റ്റ് ചെയ്ത് പൊലീസ്
പത്തനംതിട്ട: കഞ്ചാവു കേസിലെ പ്രതിക്ക് ജാമ്യം നിൽക്കാൻ വിസമ്മതിച്ച വീട്ടമ്മയ്ക്ക് യുവാക്കളുടെ ക്രൂരമർദ്ദനം. കഞ്ചാവു വിൽപന സംഘത്തിൽപെട്ടവരാണു വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടമ്മയ്ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. വീട്ടമ്മയെ തൊഴിച്ച് താഴെയിട്ട ശേഷം കൈയിൽ കമ്പിവടികൊണ്ട് അടിച്ചു പരുക്കേൽപിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ വീട്ടമ്മയുടെ കൈക്ക് പൊട്ടലും ആറു തുന്നിക്കെട്ടുമുണ്ട്.
ശനിയാഴ്ച വൈകിട്ട് പഴകുളം പവദാസന്മുക്ക് പൊന്മാനകിഴക്കിതിൽ നൂറുദീന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽചില്ലും മതിലിലെ ലൈറ്റുകളും കാർപോർച്ചിന്റെ ഷീറ്റും സംഘം അടിച്ചു തകർത്തു. നൂറുദീന്റെ ഭാര്യ സലീന ബീവിക്കാണ് മർദനമേറ്റത്. സംഭവത്തിൽ കഞ്ചാവു കേസിൽപെട്ട യുവാവ് ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പഴകുളം ശ്യാമിനി ഭവനിൽ ശ്യാംലാൽ (32), സുഹൃത്തുക്കളായ പാലമേൽ ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതിൽ ആഷിഖ് (23), പഴകുളം പന്ത്രണ്ടാംകുഴിയിൽ ഷെഫീക് (36), പഴകുളം അനിൽഭവനിൽ അനീഷ് (36), പാലമേൽ കഞ്ചുകോട് വട്ടയത്തിനാൽ തെക്കേക്കര മുരളീഭവനിൽ അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്.
സലീനബീവിയുടെ അയൽവാസിയും കഞ്ചാവു കേസിൽപ്പെട്ട പ്രതിയുമായ ശ്യാംലാലിന് ജാമ്യം നിൽക്കാൻ വിസമ്മതിച്ചതിന്റെ പകയാണ് ക്രൂര മർദ്ദനം. ശ്യാംലാലിനെ മൂന്ന് ദിവസം മുൻപ് കഞ്ചാവുമായി അടൂർ എക്സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എക്സൈസ് സംഘത്തെയും കൂട്ടി ശ്യാംലാൽ സലീനബിവിയുടെ അടുത്തെത്തി ജാമ്യം നിൽക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മടക്കി അയച്ചു. ഇതിന്റെ വിരോധത്തിൽ ശ്യാംലാലും സുഹൃത്തുക്കളും ചേർന്ന് സലീനബീവിയുടെ വീടിനു മുൻപിലെത്തി അസഭ്യം പറയുകയും ആക്രമണം നടത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വീടിനു മുന്നിലെ ബഹളംകേട്ട് വീടിനു പുറത്തേക്കിറങ്ങി വന്നപ്പോഴാണ് സലീനബീവിയെ മർദിച്ചത്. ആക്രമികൾ എത്തിയ ഉടൻ അടൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞെങ്കിലും പൊലീസ് എത്താൻ വൈകിയതായി സലീന പറഞ്ഞു. നൂറനാട് പൊലീസാണ് ആദ്യം എത്തിയത്. പിന്നീടാണ് അടൂർ പൊലീസ് എത്തിയത്. അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പിന്നീട് അടൂർ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആദിക്കാട്ടുകുളങ്ങര കള്ളുഷാപ്പിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സലീനബീവിയുടെ കൈക്ക് പൊട്ടലും 6 തുന്നിക്കെട്ടുമുണ്ട്.