മലപ്പുറം: ക്രമസമാധാന ചുമതയില്‍ നിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

അജിത്ത് കുമാറിന്റെ തലയില്‍ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ,,

പി.വി.അന്‍വര്‍

പുത്തന്‍ വീട്ടില്‍ അന്‍വര്‍

എ.ഡി.ജി.പി. അജിത് കുമാറിനെതിരായ നടപടിക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എയും രംഗത്ത് വന്നു. 'അവസാന വിക്കറ്റും വീണു, അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്' എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കു പിന്നാലെ എ.ഡി.ജി.പി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. പകരം മനോജ് എബ്രഹാമിന് ചുമതല നല്‍കി. ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി നേരിട്ട് സെക്രട്ടേറിയറ്റില്‍ എത്തിയായിരുന്നു ഉത്തരവില്‍ ഒപ്പുവെച്ചത്.

നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിര്‍ണായക തീരുമാനം. ഇന്റലിജന്‍സ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നല്‍കി. അതേസമയം, അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപിയായി തുടരും.

അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ആര്‍എസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളിയിരുന്നു.