തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ ഉത്തരവില്‍ കാരണം വ്യക്തമാക്കാത്തത് പരിശോധന പൂര്‍ണമായും അവസാനിക്കാത്തതുകൊണ്ടായിരിക്കുമെന്നും അത് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. എഡിജിപി ആരോപണം നേരിടുന്ന തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രശ്‌നം അവസാനിച്ചിട്ടില്ല. പൂരമല്ല, വെടിക്കെട്ടാണ് അലങ്കോലപ്പെട്ടതെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

പൂരംകലക്കി എന്ന് പറയാനാകുമോയെന്നും പൂരം വെടിക്കെട്ടാണ് അലങ്കോലമായതെന്നും പ്രശ്‌നം ഗൗരവത്തിലെടുത്ത് പരിശോധന നടത്തുന്നുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നടപടി ആവശ്യമെന്ന് കണ്ടാല്‍ ഇനിയും വരാം. തൃശ്ശൂര്‍ പൂര വിവാദത്തില്‍ റിപ്പോര്‍ട്ട് ഇനിയും വരാനുണ്ടെന്നും തിരക്ക് കൂട്ടേണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍ അതിക്രമം കാട്ടിയ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും എല്‍ഡിഎഫ് നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ''2011ല്‍ അന്നത്തെ സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്റെ റൂളിങ് ലംഘിച്ചെന്ന പേരില്‍ സിപിഎം എംഎല്‍എമാരായ ജെയിംസ് മാത്യുവിനെയും ടി.വി.രാജേഷിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്ന് അതിനായി പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയാണ്. ആ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം. ജനങ്ങളുടെ ജനാധിപത്യ ബോധം വെല്ലുവിളിക്കപ്പെട്ട സംഭവമാണ് നിയമസഭയില്‍ ഉണ്ടായത്. സ്പീക്കറെയും മുഖ്യമന്ത്രിയേയും ആക്ഷേപിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടന്നത്. ഡയസിലേക്ക് തള്ളിക്കയറിയതിനൊപ്പം സ്പീക്കര്‍ക്കെതിരെ ബോധപൂര്‍മായ കയ്യേറ്റ ശ്രമവുമുണ്ടായി. സ്പീക്കറെ മാത്യു കുഴല്‍നാടന്‍ ചോദ്യം ചെയ്തപ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ടാണ് ആരാ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചത്. പ്രതിപക്ഷ നേതാവിനെ അവഹേളിച്ചുകൊണ്ടായിരുന്നില്ല പ്രതിപക്ഷ പ്രതിഷേധം'' രാമകൃഷ്ണന്‍ പറഞ്ഞു.

എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്ന കാലത്ത് സ്പീക്കറുടെ ഡയസ് അടിച്ചു തകര്‍ത്ത സംഭവമുണ്ടായിട്ടുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായതാണെന്നും അതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.