കൊച്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. എന്നാല്‍, അവിടെ ആരെ പിന്തുണയ്ക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ വെച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ തന്റെ ആരോപണങ്ങളില്‍ ഒരു അന്വേഷണവും നടന്നിട്ടില്ല. സ്വര്‍ണക്കടത്തിലെ പൊലീസ് പങ്കിനെ കുറിച്ച് തുറന്നു പറഞ്ഞവരില്‍ നിന്നു പോലും അന്വേഷണം നടത്തിയിട്ടില്ല. അതിനെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ളവരായി ഒരാളും ഈ നാട്ടിലില്ലാതായിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ബിജെപിയും ആര്‍എസ്എസും തുടങ്ങിയിട്ടുള്ള ഈ സ്റ്റേറ്റ് ലീഡര്‍ഷിപ്പിന്റെ പ്രബലമായ ഒരു വിഭാഗം ഒറ്റക്കെട്ടായി നില്‍ക്കുന്നു .

ഒരാള്‍ക്കും നീതി ലഭിക്കില്ല. കേരളത്തിലെ ജനങ്ങള്‍ നവംബര്‍ 13ന് ഇതിനെതിരെ വിധിയെഴുതും. അന്ന് സഖാക്കള്‍ കണ്ണു തുറന്നാല്‍ മതി. ഇവിടുത്തെ ബ്രാഞ്ച് സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും ഏരിയാ സെന്ററും ജില്ലാ സെന്ററും ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോയുമെല്ലാം പിണറായി വിജയനാണ്. പിണറായി വിജയനോട് അരുത് എന്ന് പറയാനാവാത്ത വിധം മാനസികമായി ഷണ്ഡീകരിക്കപ്പെട്ടവരായി സി പി എം നേതൃത്വം മാറിയെന്നും അന്‍വര്‍ ആരോപിച്ചു.