അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റം നിഷേധിച്ച് പി ജയരാജനും ടി വി രാജേഷും; പ്രതികള്‍ക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും. കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദം ഉന്നയിച്ചു. കള്ളക്കേസാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ടി വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തങ്ങളെ ബോധപൂര്‍വം പ്രതി ചേര്‍ത്തതാണ്. ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും മറച്ചുവെക്കാനില്ലെന്നും ടി വി രാജേഷ് പറഞ്ഞു. എന്നാല്‍ പി ജയരാജന്‍ പ്രതികരിക്കാന്‍ തയാറായില്ല.

നേരത്തെ വിടുതല്‍ ഹര്‍ജിയുമായി ടി വി രാജേഷും പി ജയരാജനും കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളുകയും വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. വിചാരണകൂടാതെ കേസില്‍നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജനും രാജേഷും എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹര്‍ജി എതിര്‍ത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് അതിവേ?ഗം വിചാരണ തുടങ്ങണമെന്ന ആവശ്യമാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ഉന്നയിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരേ ഡിജിറ്റല്‍ രേഖകളടക്കം കൃത്യമായ തെളിവുകളുണ്ട്. കേസില്‍ ?കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വാദത്തിനിടെ നേരത്തേ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

2012 ഫെബ്രുവരി 20-നാണ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും മുന്‍ എം.എല്‍.എ. ടി.വി. രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരേ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. തൊട്ടുപിന്നാലെ ഷുക്കൂറിനെ സി.പി.എം. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 33 പ്രതികളാണ് കേസിലുള്ളത്. ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്.