സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകരുത്; മുനമ്പം ഭൂമി പ്രശ്നം സര്‍ക്കാര്‍ ഇടപെട്ട് രമ്യമായി പരിഹരിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍കോഴിക്കോട്: ചിറായി മുനമ്പം ഭൂമി പ്രശ്നം സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സര്‍ക്കാര്‍ വിഷയം പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തെ ദോഷകരമായി ബാധിക്കും.

പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തര്‍ക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാന്‍ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തര്‍ക്കത്തെ സ്ഥാപിത താല്‍പര്യക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഏതു പരിതസ്ഥിതിയിലും മതസൗഹാര്‍ദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികള്‍ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങണമെന്നും അതിനായി സര്‍ക്കാര്‍ നേരിട്ടോ ഒരു കമ്മിഷന്‍ മുഖേനയോ ബന്ധപ്പെട്ട് സത്വര നടപടികള്‍ സ്വീകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങള്‍ക്കും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീ ഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഡോ. എം.കെ മുനീര്‍ എംഎല്‍എ, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, എ.ഐ മജീദ് സ്വലാഹി, എ. അസ്ഗറലി (കെ.എന്‍.എം), പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), പി. മുജീബ് റഹ്‌മാന്‍, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), സി.പി ഉമര്‍ സുല്ലമി, അഡ്വ. ഹനീഫ് (കെ.എന്‍.എം മര്‍ക്കസുദ്ദഅ്വ), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, കെ. സജ്ജാദ് (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), ഇ.പി അഷ്റഫ് ബാഖവി (സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ), വി.പി അബ്ദുറഹ്‌മാന്‍ (എം.ഇ.എസ്), അഡ്വ. പി.കെ അബൂബക്കര്‍, കെ.എം മന്‍സൂര്‍ അഹമ്മദ് (എം.എസ്.എസ്), ഫാറൂഖ് കോളേജ് പ്രതിനിധികളായ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.