- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപാരികള്‍; സഹകരിക്കില്ല; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി
കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപാരികള്‍
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വ്യാപാരികള്‍. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹര്‍ത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കള്ളവോട്ട് സംബന്ധിച്ചായിരുന്നു പരാതി. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങി. വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി.
സഹകരണ വകുപ്പിന്റെയും പോലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവന്‍ എംപി ആരോപിച്ചു. അതേസമയം വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നല്‍കുന്നതാണ് സിപിഎമ്മിന്റെ ആരോപണം. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്‌കൂളിന് പുറത്ത് കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ പലവട്ടം ഏറ്റുമുട്ടി. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.