തിരുവനന്തപുരം: സിപിഎം നെയ്യാറ്റിന്‍കര ഏരിയ സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശനമുണ്ടായി.

എഡിഎമ്മിനെതിരായ ദിവ്യയുടെ വിമര്‍ശനം പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷമായെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. ഇപി ജയരാജനുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ വല്ലാതെ ബാധിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിമര്‍ശനം.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. ഇനിയുള്ള നാളുകളില്‍ പാര്‍ട്ടി തെറ്റ് തിരുത്തി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസ്യത ഉണ്ടാകാന്‍ ശ്രമിക്കണമെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ പി കെ രാജമോഹനനെ ഏരിയ കമ്മറ്റിയില്‍ നിന്ന് വെട്ടി. വീണ്ടും ടി ശ്രീകുമാര്‍ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ബാലമുരളിയെ നെയ്യാറ്റിന്‍കര ഏരിയ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. അച്ചടക്കനടപടിയെ തുടര്‍ന്നാണ് ഒഴിവാക്കിയത്.