പാരീസ്: ഫ്രാന്‍സിന്റെ അധീനതയലുള്ള മയോറ്റെ ദ്വീപില്‍ വന്‍ നാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 226 കിലോമീറ്റര്‍ (140 മൈല്‍) വേഗതയിലാണ് കാറ്റ് വീശുന്നത്. ജനങ്ങള്‍ ഭയന്നു വിറച്ചിരിക്കുകയാണ്. 11 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ നൂറുകണക്കിന് ജീവന്‍ പൊലിഞ്ഞിട്ടുണ്ടാവാമെന്നാണ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിഡോ ചുഴലിക്കാറ്റ് ഇതിനകം ദ്വീപ് സമൂഹത്തില്‍ വന്‍നാശം വിതച്ചെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ 90 വര്‍ഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ. വീടുകളും ആശുപത്രികളും സ്‌കൂളുകളും തകരുകയും മരങ്ങള്‍ പിഴുതെറിയപ്പെടുകയും ചെയ്തു. വിമാനത്താവളം ഉള്‍പ്പെടെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സവും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. നിലവില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുള്ള ദ്വീപിനെ സംബന്ധിച്ച് ചുഴലിക്കാറ്റുണ്ടാക്കിയ ആഘാതം വലുതാണ്.

മൊസാംബിക്കിന്റെയും മഡഗാസ്‌കറിന്റെയും തീരങ്ങള്‍ക്കിടയിലുള്ള ഈ ദ്വീപിലേക്ക് രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് ഫ്രാന്‍സ് അറിയിച്ചു. ദ്വീപസമൂഹത്തിന്റെ പ്രിഫെക്റ്റ് ഫ്രാന്‍സ്വാ-സേവിയര്‍ ബ്യൂവില്ലെ പറഞ്ഞത് വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്. മരണസംഖ്യ ആയിരമെത്തിയേക്കാമെന്ന് താന്‍ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം നിലവില്‍ 250 കവിഞ്ഞു. മയോട്ടിലെ 320,000 നിവാസികള്‍ക്കായി ലോക്ക്ഡൗണ്‍ ഉത്തരവിട്ടിരുന്നു.