പത്തനംതിട്ട: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിലെ പ്രതി 14 വര്‍ഷത്തിനു ശേഷം പിടിയില്‍. കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയയാളെ ഇന്നലെ തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും പോലിസ് പിടികൂടുക ആയിരുന്നു. 2010 നവംബര്‍ ഒന്നിന് അയിരൂര്‍ തീയാടിക്കല്‍ കടമാന്‍ നഗറിലെ സിന്ധുവിനെ (34) കൊലപ്പെടുത്തിയ ഭര്‍ത്താവ് ടി.ആര്‍.രാജീവിനെയാണ് (49) പിടികൂടിയത്.

മദ്യപാനിയായിരുന്ന ഇയാള്‍ ജോലിക്കും പോയിരുന്നില്ല. ഇത് ചോദ്യം ചെയ്ത സിന്ധുവിനെ മര്‍ദിച്ചശേഷം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ശരീരത്തിന്റെ മുക്കാല്‍ ഭാഗവും പൊള്ളലേറ്റ സിന്ധുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജീവിനെ അടുത്തദിവസംതന്നെ പൊലീസ് പിടികൂടിയിരുന്നു.

പിന്നീട് ജാമ്യം ലഭിച്ച രാജീവ് ഒളിവില്‍ പോകുകയായിരുന്നു. ബെംഗളൂരുവില്‍ വിവിധ ഹോട്ടലുകളില്‍ രാജേഷ് എന്ന പേരില്‍ ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് അന്വേഷിച്ച് എത്തുന്നതറിഞ്ഞ് അവിടെനിന്ന് മുങ്ങിയ രാജീവ് കണ്ണൂരിലും എറണാകുളത്തുമാണ് പിന്നീട് ജോലി ചെയ്തു വന്നത്. ഇടയ്ക്ക് കൊട്ടാരക്കര സ്വദേശിനിയെ കാണാനെത്തുന്നുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയിരുന്നു.

ജോലിസ്ഥലമായ പയ്യന്നൂരിലേക്ക് പ്രതി ബസിനു മടങ്ങുന്ന വിവരമറിഞ്ഞ തിരുവല്ല ഡിവൈഎസ്പി എസ്.അര്‍ഷാദ്, കോയിപ്രം ഇന്‍സ്പെക്ടര്‍ ജി.സുരേഷ് കുമാര്‍, എഎസ്‌ഐ ഷിബുരാജ്, എസ്സിപിഒ ജോബിന്‍ ജോണ്‍, സിപിഒമാരായ രതീഷ്, അനു ആന്റപ്പന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.