കല്‍പ്പറ്റ: സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ സംഭവത്തില്‍ വയോധികന് തടവും പിഴയും വിധിച്ച് കോടതി. മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ അലവിക്കുട്ടി എന്ന സൈദലവി (67) യെയാണ് വയനാട് അഡിഷണല്‍ സെഷന്‍സ് കോടതി (സ്പെഷ്യല്‍ എന്‍ ഡി പി എസ് ) ജഡ്ജ് വി അനസ് പന്ത്രണ്ട് വര്‍ഷം തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2020 ജൂണ്‍ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

സൈദലവിയുടെ പറമ്പില്‍ നട്ടു വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയായിരുന്നു. അന്നത്തെ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി സി സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതും സൈദലവിയെ അറസ്റ്റ് ചെയ്ത് കേസെടുത്തതും. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ജി. രാജ്കുമാര്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഇ വി ലിജീഷ്, എം ജി ശ്രദ്ധാധരന്‍ എന്നിവര്‍ ഹാജരായി.