തിരുവനന്തപുരം: ബംഗാള്‍ സ്വദേശിയയ പ്രതിയില്‍ നിന്നു 4000 രൂപ കൈക്കൂലി വാങ്ങിയതിനു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ആര്‍പിഎഫ് അസി. സബ് ഇന്‍സ്‌പെക്ടറായ വിപിന്‍, കോണ്‍സ്റ്റബിള്‍ പ്രവീണ്‍ രാജ് എന്നിവര്‍ക്കെതിരായാണു കേസ്. റെയില്‍വേ ടിക്കറ്റുകള്‍ അനധികൃതമായി കൈവശംവച്ചതിനു ബംഗാള്‍ സ്വദേശി ജൂയൈല്‍ ദാസിനെ കഴിഞ്ഞ 21ന് ആര്‍പിഎഫ് അറസ്റ്റ് ചെയ്തു ജയിലിലാക്കി. പ്രതിയെ ജയിലിലേക്കു കൊണ്ടുപോകുന്നതിനുള്ള ചെലവെന്നു പറഞ്ഞാണു പണം ആവശ്യപ്പെട്ടത്.

നല്‍കാതെവന്നപ്പോള്‍ പ്രതിയെ ഭീഷണിപ്പെടുത്തി അയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചു തൈക്കാട് എച്ച്ഡിഎഫ്‌സിയുടെ എടിഎം കൗണ്ടറിലെത്തി 4000 രൂപ പിന്‍വലിച്ചു പങ്കിട്ടെടുത്തു. ഇതിന്റെ ചിത്രങ്ങളും വിജിലന്‍സിനു ലഭിച്ചു. ദക്ഷിണമേഖല വിജിലന്‍സ് യൂണിറ്റാണു പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തത്. പ്രതികളായ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ക്രിമിനല്‍ കേസ് എടുക്കുകയോ പൊലീസിന് കൈമാറുകയോ ചെയ്തിട്ടുമില്ല.