കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ചോദ്യം ചെയ്യലിനു ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈഎസ്പിയാണ് എംഎല്‍എയെ ചോദ്യം ചെയ്യുന്നത്. പൂത്തുര്‍ വയല്‍ കാമ്പിലാണ് ചോദ്യം ചെയ്യല്‍.

നിയമസഭ സമ്മേളിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന് ഇളവുനല്‍കിയിരുന്നു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍ എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു. സമാനമായി ഐസി ബാലകൃഷ്ണന്റേയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടാനാണ് സാധ്യത.