- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ സി ബാലകൃഷ്ണന് എംഎല്‍എ അറസ്റ്റില്‍; ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി; ജാമ്യത്തില്‍ വിട്ടു
ഐ സി ബാലകൃഷ്ണന് എംഎല്‍എ അറസ്റ്റില്‍
കല്പറ്റ: ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഐ.സി. ബാലകൃഷ്ണനെ ജാമ്യത്തില്‍ വിട്ടു.
എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ പൊലീസിന്റെ പരിശോധന ഇന്നലെ നടന്നിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
എംഎല്‍എയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്‍ എം വിജയന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.
പുത്തൂര്‍ വയലിലുള്ള ജില്ലാ പൊലീസ് ക്യാമ്പില്‍ വച്ച് സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. എന്‍എം വിജയന്റെ കത്തില്‍ പരാമര്‍ശിച്ച സാമ്പത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എംഎല്‍എ നേരത്തെ തന്നെ ആവര്‍ത്തിച്ചിരുന്നത്. എന്‍എം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്, മുന്‍ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചിരുന്നു. എന്‍എം വിജയനും മകന് ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐസി ബാലകൃഷ്ണന്, എന്‍ഡി അപ്പച്ചന്, ഡിസിസി മുന്‍ ട്രഷറര്‍ കെകെ ഗോപിനാഥ് തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. കെപിസിസി പ്രസിഡന്റിന് നല്കാന് വിജയന് എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു എന്നാണ് പറയുന്നത്. പൊലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേര്‍ക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.