കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഒരു കൊമ്പല്‍ ചരിഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് 50 മീറ്റര്‍ മാത്രം അകലെ കര്‍ണാടക വനത്തില്‍ തലപ്പച്ചേരിയിലാണ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പകല്‍ കേരള വനം വകുപ്പിന്റെ പട്രോളിങ്ങിനിടെയാണ് കൊമ്പന്റെ ജഡം ശ്രദ്ധയില്‍പ്പെട്ടത്. സുള്ള്യ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മറ്റൊരു കൊമ്പന്റെ കുത്തേറ്റാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചരിഞ്ഞ ആനയുടെ ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. രണ്ടുദിവസമായി ആനകളുടെ അലര്‍ച്ച കേട്ടതായി പട്രോളിങ് നടത്തുന്ന ദ്രുതകര്‍മസേനാംഗങ്ങള്‍ പറഞ്ഞു. ആന ചരിഞ്ഞ സ്ഥലത്ത് ഏറ്റുമുട്ടല്‍ നടന്നതിന്റെ അടയാളവുമുണ്ട്. സുള്ള്യ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും വെറ്ററിനറി സര്‍ജന്റെയും നേതൃത്വത്തില്‍ ജഡപരിശോധന നടത്തി വനത്തില്‍ സംസ്‌കരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച സൗരോര്‍ജ തൂക്കുവേലി ഇതിന് സമീപത്താണ്. തൂക്കുവേലി തകര്‍ത്ത് ഒരാന ഒരാഴ്ചമുന്‍പ് കേരള വനത്തിലേക്ക് കടന്നിരുന്നു. വേലിക്ക് സമീപം ആനക്കൂട്ടം വേലികടക്കാന്‍ തക്കംപാര്‍ത്ത് നില്‍ക്കുന്നതായി മനസ്സിലായതോടെ പ്രദേശത്ത് വനംവകുപ്പ് സ്ഥിരം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.