കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. നാല് പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു. ലീലയുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണ വളകള്‍ കിട്ടിയിരുന്നു. എന്നാല്‍ ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.

വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തില്‍ ലീല ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേര്‍. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.