- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവ് മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു; 1.19 ഏക്കര്‍ സ്ഥലവും വീടും തട്ടിയെടുത്തു; മകന് തയ്യാറാക്കിയ വ്യാജ വില്പത്രം അസാധുവാക്കി കോടതി
വീടും സ്ഥലവും തട്ടിയെടുത്തെന്ന കേസ്: വ്യാജ വിൽപത്രം കോടതി അസാധുവാക്കി
മുട്ടുചിറ: പിതാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന 1.19 ഏക്കര്‍ സ്ഥലവും വീടും വ്യാജ വില്പത്രം തയ്യാറാക്കി മകന് തട്ടിയെടുത്തെന്ന കേസില്‍ വില്പത്രം അസാധുവാക്കി കോടതി. മകനെതിരെ മാതാവും പെണ്മക്കളും ചേര്‍ന്ന് വൈക്കം മുന്‍സിഫ് കോടതിയില്‍ നല്കിയ കേസിലാണ് വില്പത്രം വ്യാജമാണെന്നു കണ്ടെത്തി കോടതി റദ്ദാക്കിയത്. പിതാവിന്റെ മരണശേഷം മകനും ഭാര്യയും ചേര്‍ന്ന് വ്യാജ വില്പത്രം തയാറാക്കി സ്വത്ത് കൈക്കലാക്കിയ ശേഷം അമ്മയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്തിരുന്നു.
മുട്ടുചിറ വില്ലേജില്‍ പറമ്പ്രം കരയിലുള്ള 1.19 ഏക്കര്‍ ഭൂമിയും വീടുമാണ് തട്ടിയെടുത്തതായി കേസ് കോടതിയില്‍ എത്തിയത്. മകന് ഇറക്കി വിട്ടതോടെ 77 വയസ്സുള്ള രോഗിയായ മാതാവ് ഇപ്പോള്‍ പെണ്‍മക്കള്‍ക്കൊപ്പമാണ് താമസം. പിതാവിന്റെ മരണത്തിനു മുന്‍പു തന്നെ മകന് അര്‍ഹതപ്പെട്ട വസ്തുവകകള്‍ കുടുംബ ഓഹരിയായി നല്‍കിയിരുന്നതായി പരാതിക്കാരിയായ മാതാവും ആറു പെണ്മക്കളും പറയുന്നു. ഓഹരി വിറ്റ് നാട്ടില്‍നിന്നു പോയ മകന് പിതാവിന്റെ മരണത്തോടെ തിരികെയെത്തി വീട്ടില്‍നിന്ന് അമ്മയെ ഇറക്കിവിട്ടശേഷം സ്വത്തുക്കളും വീടും വ്യാജ വില്പത്രത്തിലൂടെ കൈവശപ്പെടുത്തിയെന്നും തങ്ങളെയും അമ്മയെയും വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടയുന്നെന്നുമായിരുന്നു പെണ്മക്കളുടെ പരാതി.
വ്യാജ വില്പത്രത്തിലൂടെ സ്വന്തമാക്കിയ സ്ഥലവും വീടും മകന്റെയും ഭാര്യയുടെയും മക്കളുടെയും പേരിലാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റജിസ്ട്രേഷന് റദ്ദു ചെയ്യുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.