ചെറുതോണി: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് 58കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലിസ്. തട്ടേക്കണ്ണി ചെറിയാംകുന്നേല്‍ മോഹനന്റെ (58) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ തട്ടേക്കണ്ണി വലിയകുന്നത്ത് ഡെല്‍ഫിനെ (28) പോലിസ് അറസ്റ്റ് ചെയ്തു.

ഡെല്‍ഫിന്റെ വീട്ടുമുറ്റത്താണ് തിങ്കളാഴ്ച രാവിലെ മോഹനന്റെ മൃതദേഹം കാണപ്പെട്ടത്. മരണത്തില്‍ സംശയം തോന്നിയ പൊലീസ് ഡെല്‍ഫിനെ തിങ്കളാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഡെല്‍ഫിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. സ്വന്തം വീട്ടില്‍ ഒരുമിച്ചു മദ്യപിച്ചിരിക്കെ പ്രകോപിതനായ ഡെല്‍ഫിന്‍ മോഹനനെ മര്‍ദിച്ച് മുറ്റത്തു തള്ളിയിട്ട ശേഷം കതകടച്ചു കിടന്നു.

പുലര്‍ച്ചെ മോഹനന്‍ വീട്ടുമുറ്റത്തു ചലനമറ്റു കിടക്കുന്നതു കണ്ട് ഡെല്‍ഫിന്റെ ഭാര്യ അയല്‍വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും മോഹനന്റെ മകനും ചേര്‍ന്ന് നേര്യമംഗലം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.