- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ ഹോസ്റ്റലിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണം; ചെവി മുറിഞ്ഞു പോയ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് അധ്യാപകര്‍ ചികിത്സ വൈകിച്ചെന്ന് പരാതി
ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണം; ചെവി മുറിഞ്ഞു പോയ വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിച്ചെന്ന് പരാതി
കോട്ടയം: സ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തിന് ഇരയായി ചെവി മുറിഞ്ഞു പോയ പ്ലസ് ടു വിദ്യാര്‍ഥിക്ക് അധ്യാപകര്‍ ചികിത്സ വൈകിച്ചെന്ന് പരാതി. കുന്നംകുളം മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരനായ പ്ലസ് ടു വിദ്യാര്‍ഥിയുടെ കുടുംബമാണ് പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിച്ചത്. ഈ മാസം പതിനെട്ടിന് രാത്രിയാണ് സംഭവം.
കുന്നംകുളം മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെ മര്‍ദിക്കുകയായിരുന്നു. ചെവിയുടെ ഒരു ഭാഗം അടര്‍ന്നു പോയ വിദ്യാര്‍ത്ഥി പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഹോസ്റ്റലില്‍ ഉണ്ടായ ആക്രമണത്തിന്റെ വിവരം പുറത്തറിയാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നുണ പറഞ്ഞതായും ആരോപണമുണ്ട്. സ്‌കൂള്‍ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ മൂന്നു ദിവസം വൈകിയെന്നും കുടുംബം പറയുന്നു.
പത്താം ക്ലാസുകാരായ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പതിനേഴുകാരന്റെ ഇടതു ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോവുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റിട്ടും ഇക്കാര്യം സ്‌കൂള്‍ ഹോസ്റ്റലിന്റെ ചുമതലയുണ്ടായിരുന്ന വാര്‍ഡന്‍ ഉള്‍പ്പെടെയുളളവര്‍ മറച്ചു വച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഹോസ്റ്റലിലുണ്ടായ ആക്രമണത്തില്‍ സന്തോഷം രേഖപ്പെടുത്തിയ ജൂനിയര്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പങ്കുവച്ച ശബ്ദ സന്ദേശവും പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങളുണ്ടെങ്കില്‍ അത് റീലായി പ്രചരിപ്പിക്കാമെന്നായിരുന്നു ശബ്ദ സന്ദേശത്തിന്റെ ഉളളടക്കം. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ പറ്റി യഥാസമയം അറിഞ്ഞിരുന്നില്ലെന്നും പരിക്കേറ്റ നിലയില്‍ ഹോസ്റ്റലില്‍ കണ്ട വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയിരുന്നെന്നുമാണ് ചുമതലയിലുണ്ടായിരുന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രതികരിച്ചത്.