തൃശ്ശൂര്‍: അന്താരാഷ്ട്ര നാടകോത്സവവേദിക്കരികില്‍ തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മരണകാരണം തലച്ചോറിലെ ഞരമ്പ് പൊട്ടിയതാണെന്ന പ്രാഥമിക നിഗമനത്തെത്തുടര്‍ന്നാണിത്. പൂങ്കുന്നം ചക്കാമുക്ക് കുരുവട്ടശ്ശേരി വീട്ടില്‍ ഗോപിയുടെ മകന്‍ അനില്‍കുമാറാ(49)ണ് ബുധനാഴ്ച മരിച്ചത്. സുഹൃത്ത് ചൂലിശ്ശേരി സ്വദേശി രാജുവിന്റെ പേരില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. നേരത്തേത്തന്നെ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. നാടകോത്സവത്തിനെത്തിയതായിരുന്നു ഇവര്‍. സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ റീജണല്‍ തിയേറ്ററിന് സമീപം തര്‍ക്കമുണ്ടായി. അനില്‍കുമാര്‍ വീണു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പൂങ്കുന്നം ഹരിശ്രീ വിദ്യാനികേതന്‍ സ്‌കൂളിലെ കായികാധ്യാപകനാണ് അനില്‍കുമാര്‍. അമ്മ: ശാന്തകുമാരി. ഭാര്യ: റീജ. മക്കള്‍: പാര്‍വണ, ഇതിഹാസ്. സഹോദരന്‍: സുനില്‍കുമാര്‍. സംസ്‌കാരം നടത്തി.