കോഴിക്കോട്: ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് ലഹരി കടത്തിയിരുന്ന ണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരെ പോലിസ് അറസ്റ്റ് ചെയ്തു. 31.70 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ പി. സനല്‍കുമാര്‍(45) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ അഗങ്ങളാണ് ഇവര്‍.

കോഴിക്കോട് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേവായൂര്‍ എസ്.ഐ. നിമിന്‍ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപേരും രണ്ടുമാസത്തോളമായി നിരീക്ഷണത്തിലായിരുന്നു. ഇരുവരും കോഴിക്കോട്-ബെംഗളൂരു ടൂറിസ്റ്റ് ബസില്‍ രാത്രി സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാരാണ്. ഒട്ടേറെത്തവണ ഇവര്‍ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് വാങ്ങി ബസില്‍ ഒളിപ്പിച്ചശേഷം കൊടുക്കേണ്ട ആളുകളുമായി വാട്‌സാപ്പിലൂടെ സംസാരിച്ച് കൈമാറുന്ന സ്ഥലം ഉറപ്പിക്കും. ബസ് സ്ഥലത്ത് എത്താറാകുമ്പോള്‍ വീണ്ടും വിളിച്ച് സുരക്ഷ ഉറപ്പുവരുത്തും. കാത്തുനില്‍ക്കുന്ന ആളുകള്‍ക്ക് ഓടുന്ന ബസില്‍നിന്നുതന്നെ ലഹരിമരുന്നുപൊതി പുറത്തേക്ക് എറിഞ്ഞുകൊടുക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. അതിനുശേഷം ബസ് കോഴിക്കോട് സിറ്റിയില്‍ എത്തുമ്പോഴേക്കും വാട്‌സാപ്പ് ചാറ്റും കോളും മൊബൈലില്‍നിന്ന് ഡിലീറ്റ് ചെയ്യും.