കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് വൈദികനില്‍നിന്ന് 1.41 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശിയും കോഴിക്കോട് സ്വദേശിയമാണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരി (35), കോഴിക്കോട് താമരശ്ശേരി സ്വദേശി കെ.അജ്മല്‍ (25) എന്നിവരാണു പിടിയിലായത്.

ഫാ. ടിനേഷ് കുര്യന്‍ ആണ് തട്ടിപ്പിനിരയായത്. കടുത്തുരുത്തി എസ്എച്ച്ഒ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുഹമ്മദ് ജാവേദ് അന്‍സാരിയെ മഹാരാഷ്ട്രയില്‍നിന്നാണു പിടികൂടിയത്. ഷെയര്‍ ട്രേഡിങ്ങില്‍ താല്‍പര്യമുണ്ടായിരുന്ന വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ടതു മഹാരാഷ്ട്ര സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഒരു മൊബൈല്‍ ആപ് വൈദികന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് ഇതിലൂടെ ട്രേഡിങ് നടത്തുകയായിരുന്നു. തുടക്കത്തില്‍ ലാഭവിഹിതം വൈദികനു ലഭിച്ചെങ്കിലും പിന്നീടു പലപ്പോഴായി നിക്ഷേപിച്ച 1,41,86,385 രൂപ തട്ടിയെടുത്തെന്നാണു കേസ്.

പണം നഷ്ടപ്പെട്ടതിന് ശേഷമാണ് വൈദികന് തട്ടിപ്പിനെ കുറിച്ച് മനസ്സിലായത്. വൈദികന്‍ നിക്ഷേപിച്ച പണം കേരളത്തിലെ എടിഎം വഴി പിന്‍വലിച്ച കോഴിക്കോട് സ്വദേശികളായ ഷംനാദ്, മുഹമ്മദ് മിന്‍ഹാജ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. അജ്മല്‍ കൂടി തട്ടിപ്പിലുണ്ടെന്നു പിന്നീടു കണ്ടെത്തി. ഇയാള്‍ വ്യാഴാഴ്ച കടുത്തുരുത്തി സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

എസ്‌ഐ സി.എസ്.നെല്‍സണ്‍, എഎസ്‌ഐ ഷാജി ജോസഫ്, സിപിഒമാരായ വിനീത് ആര്‍.നായര്‍, അരുണ്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.