തേനി: വയോധികയുടെ മൃതദേഹത്തില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ച യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ച വയോധികയുടെ കഴുത്തില്‍ കിടന്ന നാലര പവന്റെ സ്വര്‍ണമാലയാണ് മോഷണം പോയത്. മൃതദേഹം അത്യാഹിതവിഭാഗത്തില്‍ സൂക്ഷിച്ച സമയത്താണ് മോഷണം നടന്നത്.

സംഭവത്തില്‍ തേനി രംഗപ്പട്ടി സ്വദേശിനി നന്ദിനിയാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിനടുത്ത് എസ്എസ് പുരം പ്രദേശത്തെ രാമസാമിയുടെ ഭാര്യ കമലം (82) ആംബുലന്‍സില്‍ ആശുപത്രിയിലേക്കു പോകും വഴിയാണു മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

തുടര്‍ന്ന് ഇവിടെ 802-ാം മുറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. മാല നഷ്ടമായതു സംബന്ധിച്ച് കമലത്തിന്റെ മരുമകന്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി മാല മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ നന്ദിനിയാണ് മോഷണം നടത്തിയതെന്നു വ്യക്തമായി.