ഈറോഡ്: സേലം-ബെംഗളൂരു ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയ ഗുണ്ടാ സംഘം ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. സേലം കിച്ചിപ്പാളയം സ്വദേശി ജോണ്‍ (35) ആണു വെട്ടേറ്റു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം. തടയാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ഭാര്യ ശരണ്യ നസിയന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുപ്പൂരില്‍ ഇരുചക്ര വാഹന ഫൈനാന്‍സ് നടത്തുന്ന ജോണ്‍ കൊലപാതക ശ്രമം, ആക്രമണക്കേസുകളില്‍ പ്രതിയാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസിന്റെ നിഗമനം. ജോണും ഭാര്യയും ഒരു കേസുമായി ബന്ധപ്പെട്ടു സ്റ്റേഷനില്‍ ഹാജരാകാന്‍ സേലത്തു നിന്നു തിരുപ്പൂരിലേക്കു പോകുന്നതിനിടെ ഈറോഡ് നസിയന്നൂരിനു സമീപത്ത് വെച്ചാണ് ആക്രമണത്തിന് ഇരയായത്.

പ്രതികളെ പോലിസ് പിടികൂടി. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടെ പൊലീസിനു നേരെ ആക്രമണം നടത്തി കടന്നുകളയാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ പൊലീസ് വെടിവച്ചു കീഴ്‌പ്പെടുത്തി. ഇവര്‍ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ഒരാള്‍കൂടി പൊലീസ് പിടിയിലായി. ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലില്‍ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു. കൊലപാതകത്തിനു പിന്നില്‍ മുന്‍വൈരാഗ്യമാണെന്നു പൊലീസ് സംശയിക്കുന്നു.

പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനാലാണു വെടിവയ്‌ക്കേണ്ടിവന്നതെന്നു സ്ഥലം സന്ദര്‍ശിച്ച കോയമ്പത്തൂര്‍ ഡിഐജി ശശി മോഹന്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജവഹര്‍ ഉള്‍പ്പെടെ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സിത്തോട് പൊലീസാണു കേസ് അന്വേഷിക്കുന്നത്.