മലപ്പുറം: 60 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കാനായി ഇറങ്ങിയയാളും തിരികെ കയറാനായി കഴിയാതെ കുടുങ്ങിയപ്പോള്‍ അഗ്നിരക്ഷാ സേന രക്ഷക്കെത്തി. വണ്ടൂര്‍ പഞ്ചായത്തിലെ 22ാം വാര്‍ഡ് അമ്പലപ്പടി തുളിശ്ശേരി മനോജ് നിവാസില്‍ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കിണര്‍.

60 അടിയോളം താഴ്ചയുള്ള കിണറിന് 11 അടിയോളം വ്യാസവുമുണ്ട്. ആള്‍മറയുള്ള കിണറില്‍ അഞ്ച് അടിയോളം വെള്ളവുമുണ്ട്. ഈ കിണറ്റിലേക്കാണ് സുജീഷ് എന്ന 31 കാരന്‍ അബദ്ധത്തില്‍ വീണത്. സുജീഷിനെ രക്ഷപ്പെടുത്താനായി കിണറിലേക്കിറങ്ങിയതായിരുന്നു നിബിന്‍. എന്നാല്‍ രണ്ടു പേര്‍ക്കും തിരികെ കയറാനാവാത്തതിനെ തുടര്‍ന്ന് നാട്ടുകാരാണ് തിരുവാലി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലേക്ക് വിവരമറിയിക്കുന്നത്.

ഗ്രേഡ് എഎസ്ടിഒ എല്‍ ഗോപാലകൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ എം ബിപിന്‍ഷാജു, കെ നിഷാദ്, ടി പി ബിജീഷ്, കെ സി കൃഷ്ണകുമാര്‍, എച്ച് എസ് അഭിനവ്, ഹോം ഗാര്‍ഡുമാരയ പി അബ്ദുല്‍ ഷുക്കൂര്‍, കെ ഉണ്ണികൃഷ്ണന്‍, കെ അബ്ദുല്‍ സലാം, ടി ഭരതന്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. റസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഇരുവരെയും കരക്കു കയറ്റുകയും പരിക്കേറ്റ സുജീഷിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.