കല്പറ്റ: മുത്തങ്ങയില്‍ എംഡിഎംഎ കടത്തിയ കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഒരുങ്ങി പോലിസ്. ഒന്നേകാല്‍ കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികള്‍ പിടിയിലായ സംഭവത്തിലാണ് പോലിസിന്റെ നടപടി. ഒന്നാം പ്രതി കൈതപ്പൊയില്‍ പുതുപ്പാടി സ്വദേശി ഷംനാദിന്റെ (44) കാര്‍ കണ്ടുകെട്ടുന്നതിനായി വയനാട് പോലീസിന്റെ റിപ്പോര്‍ട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്‌ളേഴ്‌സ് ആന്‍ഡ് ഫോറിന്‍ എക്‌സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (സഫേമ) അംഗീകരിച്ച് ഉത്തരവിറക്കി. ഇതുപ്രകാരം കാര്‍ കണ്ടുകെട്ടി.

അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാല്‍ ലഹരിക്കടത്ത് സംഘാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിയമമുണ്ട്. രണ്ടാംപ്രതി കോഴിക്കോട് ഈങ്ങാപ്പുഴ ആലിപറമ്പില്‍ വീട്ടില്‍ എ.എസ്. അഷ്‌കറി (28)ന്റെ കാര്‍, ബൈക്ക് എന്നിവയും കണ്ടുകെട്ടുന്നതിനായുള്ള റിപ്പോര്‍ട്ട് സഫേമക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ഹിയറിങ് നടക്കും.

2024 ഓഗസ്റ്റ് ആറിനാണ് 1.198 കിലോഗ്രാം എംഡിഎംഎയുമായി ഷംനാദിനെയും അഷ്‌കറിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ വാങ്ങി ലോറിയുടെ ഡ്രൈവര്‍ കാബിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.