ചെറുവള്ളി: കോട്ടയം ജില്ലയില്‍ ചെറുവള്ളി ദേവീക്ഷേത്രഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘത്തിലെ ഹെഡ് സര്‍വേയര്‍ ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് വടകരയിലെ സര്‍വേ ഓഫീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം ഉതിയറമൂല കാട്ടായിക്കോണം പടിഞ്ഞാറ്റില്‍ ആര്‍. സുരേഷ്‌കുമാര്‍ (50) ആണ് മരിച്ചത്.

ദേവസ്വം ബോര്‍ഡിന്റെ ഭൂമിയില്‍ രണ്ട് വ്യക്തികളുടെ കൈയേറ്റം സര്‍വേ നടത്തി നേരത്തേ കണ്ടെത്തിയിരുന്നു. കടകള്‍ കെട്ടിയ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും സ്വയം ഒഴിയാത്തതിനാല്‍ തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കാനായി എത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേഷ്‌കുമാര്‍. ക്ഷേത്രദര്‍ശനത്തിനുശേഷം മതില്‍ക്കുപുറത്തിറങ്ങിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം എല്‍സി യൂണിറ്റിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലാണ് നിലവില്‍ സുരേഷ്‌കുമാര്‍ ജോലിചെയ്തിരുന്നത്.

ഭാര്യ: വി. സന്ധ്യ, കണിയാപുരം പുന്നവിളാകത്ത് ഗൗരീശം കുടുംബാംഗം. മക്കള്‍: ഗൗരി സുരേഷ് (സിഎ വിദ്യാര്‍ഥിനി), ഗൗരവ് സുരേഷ് (വിദ്യാര്‍ഥി, ജ്യോതിഷ് സെന്‍ട്രല്‍ സ്‌കൂള്‍, കഴക്കൂട്ടം).