പത്തനംതിട്ട: പതിനാറുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച യുവാവിന് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് വളയനാട് മാങ്കാവ് കുളമ്പടന്ന കെ.സി. ഹൗസില്‍ ഫസിലി(29)നെയാണ് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് ദിവസങ്ങളോളം പീഡനത്തിന് ഇരയായത്. പത്തനംതിട്ട പോലീസ് 2022-ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. ഓഗസ്റ്റ് 28-ന് വീട്ടില്‍നിന്ന് കുട്ടിയെ പ്രതി വിളിച്ചിറക്കി നിര്‍ബന്ധിച്ചുകൊണ്ടുപോകുകയായിരുന്നു. കൂടെ പോയില്ലെങ്കില്‍ വണ്ടിക്ക് മുന്നില്‍ ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നു പോയ കുട്ടി ഇയാള്‍ക്കൊപ്പം പോയി. പത്തനംതിട്ട സ്വകാര്യബസ് സ്റ്റാന്‍ഡില്‍നിന്ന് കായംകുളം റെയില്‍വേ സ്റ്റേഷനിലും അവിടെനിന്ന് ട്രെയിനില്‍ ചെന്നൈയിലും എത്തിച്ചു. ഒരു ലോഡ്ജില്‍ മൂന്നുദിവസം കൂടെ താമസിപ്പിച്ചു. പിന്നീട് വേറൊരു സ്ഥലത്തെ വീട്ടിലേക്ക് മാറി പത്തുദിവസം ബലം പ്രയോഗിച്ച് പീഡിപ്പിച്ചു.

അന്നത്തെ പത്തനംതിട്ട എസ്‌ഐ ജ്യോതി സുധാകറാണ് കേസെടുത്തത്. ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.റോഷന്‍ തോമസ് ഹാജരായി.