അടിമാലി: എറണാകുളത്തുനിന്നും ഭാര്യയോടൊപ്പം മൂന്നാര്‍ പോകുകയായിരുന്നു യുവാവ് കഞ്ചാവും എംഡിഎംഎയുമായി അറസ്റ്റില്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം വാഹനപരിശോധനയ്ക്കിടയിലാണ് ലഹരിവസ്തുക്കളുമായി യുവാവ് പിടിയിലായത്. കിഴക്കമ്പലം പൂക്കാട്ടുകൂടി സ്വദേശി കുമ്മനംതറയില്‍ ബിജു മാത്യു (35) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ് കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഇയാളുടെ ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു രാസവസ്തുക്കള്‍. മൂന്നാറില്‍ വില്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു രാസവസ്തുക്കള്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.