മുംബൈ: മഹാരാഷ്ട്രയില്‍ ഏഴു വര്‍ഷത്തിനിടെ മരിച്ചത് 1.17 ലക്ഷം കുഞ്ഞുങ്ങള്‍. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങള്‍ മഹാരാഷ്ട്രയില്‍ സംഭവിക്കുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

2017-നും 2023-നും ഇടയിലാണ് മഹാരാഷ്ട്രയില്‍ 1,17,136 കുഞ്ഞുങ്ങള്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ മരിച്ചത് മുംബൈയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 22,364 കുഞ്ഞുങ്ങളാണ് നഗരത്തില്‍ മരിച്ചിരിക്കുന്നത്. പുണെ, നാസിക്, ഛത്രപതി സംഭാജിനഗര്‍, അകോല എന്നിവയാണ് മരണസംഖ്യ കൂടുതലുള്ള മറ്റ് ജില്ലകള്‍. കോവിഡ് കാലത്ത് മരണസംഖ്യ കുറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് വീണ്ടും വര്‍ധിക്കുകയായിരുന്നു.

അതേസമയം, 2017 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുംബൈയില്‍ മരണനിരക്ക് കുറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017-ല്‍ 4071 കുഞ്ഞുങ്ങള്‍ നഗരത്തില്‍ മരിച്ചപ്പോള്‍ 2023-ല്‍ 2832 പേരാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈയില്‍ മരിക്കുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനവും അടുത്ത ജില്ലകളില്‍നിന്നുമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.