തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ പെയ്തത് 43 ശതമാനം അധികം വേനല്‍മഴ. അണക്കെട്ടുകളിലെ വെള്ളത്തിന്റെ കാര്യത്തിലും ഇത്തവണ ഭേദപ്പെട്ട അവസ്ഥയാണ്. ഇതോടെ വൈദ്യുതി ആവശ്യകതയും കുത്തനെ കുറഞ്ഞു. കഴിഞ്ഞ വേനലില്‍ വലിയ വിലനല്‍കാന്‍ തയ്യാറായിട്ടും വൈദ്യുതിക്ഷാമം നേരിടേണ്ടിവന്ന സമ്മര്‍ 'ഷോക്കി'ല്‍നിന്ന് സംസ്ഥാനം തത്കാലം രക്ഷപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ശരാശരി വൈദ്യുതി ഉപഭോഗം ദിനംപ്രതി 10.56 കോടി യൂണിറ്റായിരുന്നു. അന്ന് 11.1 കോടി യൂണിറ്റുവരെ വേണ്ടിവന്ന ദിവസമുണ്ടായിരുന്നു. എന്നാല്‍, ഈ ഏപ്രിലിലെ ശരാശരി ഉപഭോഗം 9.43 കോടിയാണ്. എന്നാല്‍, മേയ് മാസത്തേക്ക് പ്രതീക്ഷിക്കുന്ന ആവശ്യകത നേരിടാന്‍ തക്കവണ്ണം കരാറായിട്ടില്ല. യുപി, പഞ്ചാബ് സംസ്ഥാനങ്ങളുമായി പിന്നീട് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ധാരണയുണ്ട്. അവിടങ്ങളിലെ ലഭ്യത അനുസരിച്ചിരിക്കുമിത്.

അണക്കെട്ടുകളിലെ വെള്ളത്തിന്റെ കാര്യത്തിലും ഇത്തവണ ഭേദപ്പെട്ട അവസ്ഥയാണ്. സംഭരണശേഷിയുടെ 40 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞതവണ ഇതേസമയം 36 ശതമാനമായിരുന്നു. ഇതോടെ ജലവൈദ്യുതി ഉത്പാദനം 2.2 കോടി യൂണിറ്റായി ഉയര്‍ത്തി. കഴിഞ്ഞവര്‍ഷം ഇതേദിവസങ്ങളില്‍ 1.75 കോടിയായിരുന്നു.

മാര്‍ച്ചുമുതല്‍ ഏപ്രില്‍ 25 വരെ കേരളത്തില്‍ പെയ്യേണ്ട ശരാശരി മഴ 119.5 മില്ലീമീറ്ററാണ്. എന്നാല്‍, ഇതിനകം 170.7 മില്ലീമീറ്റര്‍ പെയ്തു. കണ്ണൂരില്‍ ഇരട്ടിയിലേറെ മഴയാണ് പെയ്തത്. ആറുജില്ലകളില്‍ വലിയതോതില്‍ വര്‍ധിച്ചു.