കണ്ണൂര്‍: പികെ ശ്രീമതി ടീച്ചര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പികെ ശ്രീമതിയെന്നും കെകെ ശൈലജ പറഞ്ഞു.

'യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ശ്രീമതി ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആളുകളെ ഉള്‍ക്കൊള്ളിക്കാനാണ് പ്രായപരിധി നിശ്ചയിച്ചത്. സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ തടസമില്ല. എന്നാല്‍, ഒരു സെക്രട്ടേറിയറ്റ് അംഗം പ്രവര്‍ത്തിക്കുന്ന പോലെ ടീച്ചര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. ശ്രീമതി ടീച്ചര്‍ കേന്ദ്രത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നത് പാര്‍ട്ടി തീരുമാനമാണ്.75 വയസ് കഴിഞ്ഞവര്‍ പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കുന്ന രീതി ഇപ്പോള്‍ പാര്‍ട്ടിയിലുണ്ട്.

സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും പ്രായപരിധി കാരണം ശ്രീമതി ടീച്ചര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടീച്ചര്‍ മാത്രമല്ല, ഇത്തരത്തില്‍ മാറി നില്‍ക്കുന്നത്. പുതിയ ആളുകള്‍ക്ക് കമ്മിറ്റിയില്‍ വരാന്‍ വേണ്ടിയാണിത്. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട എകെ ബാലനടക്കമുള്ളവര്‍ ഇപ്പോഴും സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. സിപിഎമ്മില്‍ റിട്ടയര്‍മെന്റില്ല. പികെ ശ്രീമതി ടീച്ചര്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റാണ്. ആ നിലയ്ക്ക് ഇന്ത്യയുടെ എല്ലാ ഭാഗത്തും സഞ്ചരിച്ച് മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ നേതൃപരമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. അതിനാലാണ് കേന്ദ്ര കമ്മിറ്റി അംഗമായി നിശ്ചയിച്ചത്.'- കെകെ ശൈലജ പറഞ്ഞു.